ന്യൂഡൽഹി: പുരാതന ഡൽഹിയിൽ തിരക്കേറിയ ചാന്ദ്നി ചൗക്കിലെ ക്ഷേത്രത്തിൽ ഭീകരാക്രമണം ഉണ്ടായേക്കാമെന്നു രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതേത്തുടർന്ന് ദേശീയ തലസ്ഥാനം അതീവ സുരക്ഷാ ജാഗ്രതയിലായി. ഇന്നലെ സമാപിച്ച എഐ ഉച്ചകോടി പ്രമാണിച്ചു ശക്തമാക്കിയ ഡൽഹി നഗരത്തിലെയും വിമാനത്താവളങ്ങളിലെയും സുരക്ഷാക്രമീകരണങ്ങൾ രണ്ടു ദിവസംകൂടി തുടർന്നേക്കും.
കഴിഞ്ഞ ആറിന് ഇസ്ലാമാബാദിലെ ഒരു ഷിയാ മോസ്കിലുണ്ടായ ചാവേർ ബോംബാക്രമണത്തിനു പ്രതികാരമായാണ് ഡൽഹിയിലെ ഹൈന്ദവ ക്ഷേത്രം ആക്രമിക്കാൻ പാക് ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബ (എൽഇടി) പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.
പാക്കിസ്ഥാനിലെ ഈ മോസ്കിലുണ്ടായ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. 2025 നവംബർ പത്തിന് ചെങ്കോട്ടയ്ക്കു സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അധികം അകലെയല്ലാതെ മറ്റൊരു ഭീകരാക്രമണത്തിനു പദ്ധതി തയാറാക്കിയത്.
ഡൽഹിയിലെ തിരക്കേറിയ മത, പൈതൃക, വിനോദസഞ്ചാര സ്ഥലങ്ങൾ ലക്ഷ്യമിട്ടാണ് ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയായ എൽഇടി ആക്രമണത്തിനു തയാറെടുത്തത്. ലക്ഷ്യകേന്ദ്രങ്ങളിൽ ചാന്ദ്നി ചൗക്കിലെ ക്ഷേത്രവും ഉണ്ടാകാമെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ സൂചന. ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) ഉപയോഗിച്ചുള്ള ബോംബ് സ്ഫോടനങ്ങളിലൂടെ ഇന്ത്യയെ വിറപ്പിക്കാനാണു പാക്കിസ്ഥാൻ ഭീകരർ ഗൂഢാലോചന നടത്തിയതെന്ന് പോലീസ് പറയുന്നു.
ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് ഓൾഡ് ഡൽഹിയിലെ ചാന്ദ്നി ചൗക്ക് പ്രദേശത്തെ എല്ലാ ക്ഷേത്രങ്ങളിലും സുരക്ഷ കർശനമാക്കി. ചാന്ദ്നി ചൗക്കിലെ ഗൗരീ ശങ്കർ ക്ഷേത്ര പരിസരമടക്കം പ്രദേശത്താകെ 24 മണിക്കൂറും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പോലീസിനുപുറമെ അർധസൈനിക വിഭാഗങ്ങളെ പ്രദേശത്തു വിന്യസിച്ചു. കാൽനടക്കാരും ക്ഷേത്രസന്ദർശകരും അടക്കം ഓരോ വ്യക്തിയെയും നിരീക്ഷിക്കാൻ പ്രത്യേക എഐ കാമറകൾ സ്ഥാ പിച്ചുകഴിഞ്ഞു. പോലീസുകാർ പ്രദേശങ്ങളാകെ അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും ഇന്നലെ രാത്രി വരെ അപകടസൂചനകളൊന്നും ലഭിച്ചില്ല.
റിപ്പബ്ലിക് ദിനാഘോഷത്തിനുമുന്പായി ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം നടത്താൻ പാക് ഭീകരർ ലക്ഷ്യമിട്ടെങ്കിലും കനത്ത സുരക്ഷമൂലം നടപ്പാക്കാനായില്ലെന്നു റിപ്പോർട്ടുണ്ട്. ഭീകരാക്രമണങ്ങൾ തടയാനുള്ള സ്പെഷൽ സെൽ ഉദ്യോഗസ്ഥർ പുതിയ സ്ഥിതിഗതികളും വിശദമായി വിലയിരുത്തി.